Pages

കഴിഞ്ഞ ദിവസം കൊറിയയിലെ Suncheon (സുഞ്ചോൺ) എന്ന ബീച്ച് സന്ദർശിക്കാനിടയായി. എത്തിപ്പെട്ടത് ഒരു നല്ല ദിവസമായിരുന്നില്ല, ആകെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും. നല്ല കാറ്റും. പ്രതീക്ഷിക്കാതെ തണുപ്പ് കൂടിയതും കുറച്ച് ബുദ്ധിമുട്ടായി. എന്നാലും ആവുന്ന വിധം പടങ്ങൾ ഒക്കെ എടുത്തു പോന്നു. ഇതൊരു മഡ് ബീച്ച് ആണ്, മണലില്ല. ഇവിടെയുള്ളവർ സ്പ്രിങ്ങ് സീസൺ ആവുന്നതോടെ കടലിൽ ഷെൽഫിഷ്, സ്റ്റാർഫിഷ്, മറ്റു കക്കകൾ എന്നിവ ശേഖരിയ്കാനായി ഫിഷറി ഉണ്ടാക്കിത്തുടങ്ങുന്നു. ഇതിനുള്ള ട്രാപ്പുകൾ വലയും മുളകളും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കടൽ മൊത്തം വേലി കെട്ടിത്തിരിച്ച പോലെ കടലിനകത്തേയ്ക് ഈ വലകൾ മണ്ണിൽ മുളയൂന്നി ഫിറ്റ് ചെയ്യുന്നു. ചിത്രങ്ങൾ കാണുക.
കടലിലെ വേലികൾ
കുറച്ചു ദിവസങ്ങൾക്കകം ഈ ട്രാപ്പിനകത്ത് കടൽജീവികൾ നിറയുകയും അവയെ ഹാർവെസ്റ്റ് ചെയ്യാനായി പ്രത്യേകം തയ്യാറാക്കിയ മരം കൊണ്ടുള്ള സ്ലെഡ് ഒരു കാലുകൊണ്ട് തുഴഞ്ഞ് പോകുന്നു. വലകളുടെ അറ്റത്തുള്ള പച്ചക്കളർ ട്രാപ്പിൽ നിറഞ്ഞു കിടക്കുന്ന കക്കയെ കുട്ടയിലേയ്ക് മാറ്റി തിരിച്ച് തുഴഞ്ഞുപോരുന്നു.
കൂടകൾ, സ്ലെഡ്ഡുകൾ
തുഴച്ചിൽ
ഹാർവെസ്റ്റിങ്ങ്
കരയോടടുത്തുള്ള കിണറുകളിലെ വെള്ളം ഉപയോഗിച്ച് ആദ്യത്തെ ഒരു കഴുകൽ
ഇതിനു ശേഷം കരയിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക പ്രൊസസിങ്ങ് സെന്ററുകളിൽ നിന്നും ഇവ വൃത്തിയാക്കി റെസ്റ്റോറന്റുകളിലേയ്ക് ഫ്രെഷായി ഡിസ്റ്റ്രിബ്യൂട്ട് ചെയ്യുന്നു.

കൊറിയന്‍ ബുദ്ധക്ഷേത്രങ്ങളിലൂടെ - ഭാഗം 1...

ബുദ്ധമതം വളരെ അധികം പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു രാജ്യം ആണ് സൗത്ത്‌ കൊറിയ. ഇപ്പോഴും ഇവിടത്തെ ജനതയില്‍ കാല്‍ ഭാഗത്തോളം ബുദ്ധമതവിശ്വാസികള്‍ ആണ്. അത് കൊണ്ട് തന്നെ രാജ്യത്തിന്റെ മിയ്ക്ക ഭാഗത്തും പഴയ കാലത്തിന്റെ പ്രൌഡി വിളിച്ചോതുന്ന വലുതും ചെറുതുമായ അനേകം ക്ഷേത്രങ്ങള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം : http://en.wikipedia.org/wiki/Korean_Buddhism

ഈ കൂട്ടത്തില്‍ പെട്ട ഒരു പ്രമുഖ ബുദ്ധ ക്ഷേത്രം ആണ്‍ യോന്ഗ്-ജൂ (YongJu) ക്ഷേത്രം. ഈ ക്ഷേത്രം സുവോണ്‍ പ്രവിശ്യക്കുള്ളില്‍ ആണുള്ളത്. എനിക്ക് ബസ്സില്‍ പോയാല്‍ ഒരു അര മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരം. ഈ രാജ്യത്തു ഏറ്റവും സൌകര്യം തോന്നിയിട്ടുള്ളത് ഏതൊരു ഭാഗത്തേയ്ക്കും എപ്പോഴും ഉള്ള വെല്‍ കണക്ടറ്റ്‌ ആയിട്ടുള്ള ബസ്‌ / ട്രെയിന്‍ സര്‍ വീസ് ആണ്.

A.D 854 ഇല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രം പ്രമുഖ മത പഠന കേന്ദ്രം ആയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ യുദ്ധത്തില്‍ ഈ ക്ഷേത്രത്തിനു തീ പിടിയ്ക്കുകയും അങ്ങനെ നശിക്കുകയും ചെയ്തു. പിന്നീട് ജോസാന്‍ രാജവംശം ഭരിച്ചിരുന്ന കാലത്ത് ഇരുപത്തി രണ്ടാം രാജാവ് ദുര്മരണപ്പെട്ട തന്റെ അച്ഛന്റെ ആത്മാവിനു മോക്ഷം കിട്ടാന്‍ വേണ്ടി ഈ ബുദ്ധ ക്ഷേത്രം പുതുക്കി പണിയുകയും അവിടെ അച്ഛന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു.
 
പ്രധാന പ്രവേശന കവാടം
പൊതുവേ മറ്റുള്ള ബുദ്ധ ക്ഷേത്രങ്ങളുടെ രീതിയില്‍ തന്നെ ആണ് ഈ ക്ഷേത്രവും പുനര്‍-നിര്മിച്ചിരിക്കുന്നത്. പക്ഷെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ താഴെ ഫോട്ടോയില്‍ കാണുന്ന രൂപത്തില്‍ ഉള്ള രണ്ടാമത്തെ ഒരു ചെറിയ കമാനം ഉണ്ട്ട്. ഇത് സാധാരണ രാജകുടുംബാംഗങ്ങള്‍ഉടെ ശവകുടീരങ്ങളില്‍ മാത്രം കാണുന്നതാണ്.
പ്രധാന പ്രവേശന കവാടത്തിന്റെ ഇരു വശത്തുമായി ഉള്ള ദ്വാരപാലകര്‍

രണ്ടാമത്തെ ചിത്രത്തില്‍ ഉള്ള ദ്വാരപാലകന്റെ രൂപം - ഒരു കയ്യില്‍ പഗോഡയും മറു കയ്യില്‍ ആയുധവും - ആദ്യമായിട്ടായിരുന്നു കാണുന്നത്.രണ്ടാമത്തെ ചിത്രത്തില്‍ ഉള്ള ദ്വാരപാലകന്റെ രൂപം - ഒരു കയ്യില്‍ പഗോഡയും മറു കയ്യില്‍ ആയുധവും - ആദ്യമായിട്ടായിരുന്നു കാണുന്നത്.

ആദ്യം പറഞ്ഞ പ്രത്യേകമായി കാണപ്പെട്ട കമാനം ഇതാണ്.

പ്രവേശന കവാടങ്ങള്‍ കടന്നാല്‍ വിശാലമായ സ്ഥലത്ത് പല ഭാഗങ്ങളില്‍ ആയി പല കെട്ടിടങ്ങളും സ്തൂപങ്ങളും ഒക്കെ കാണാം. ഇടത് വശത്ത് കാണുന്നത് ഒരു മ്യൂസിയം ആണ്. ഇവിടെ ഫോട്ടോ എടുപ്പ് നിഷിദ്ധം ആയതോണ്ട് അതിന്റെ പടങ്ങള്‍ ഒന്നും ഇല്ലാ.

പിന്നീട് കണ്ടത് ഈ സ്തൂപം ആണ് .അത് കഴിഞ്ഞാല്‍ ചില പാറകളില്‍ ചെറിയ കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നത് കണ്ടു. ഇതൊക്കെ വിശ്വാസികള്‍ ചെയ്തിരിക്കുന്നതാണ്. കണ്ടപ്പോള്‍ തിരുവില്വാമല സരസ്വതി കുണ്ടിലെ മരത്തിനു ചുറ്റും കല്ലുകള്‍ ഇങ്ങനെ അടുക്കിയിട്ടുള്ളത് ഓര്‍മ വന്നു!!
കുറച്ചധികം പേര്‍ ദര്‍ശനത്തിനു ഉണ്ടായിരുന്നു. തിരക്ക് ഒഴിയുന്നത് നോക്കി ഫോട്ടോ എടുക്കാന്‍ കുറച്ചു കാത്തു നിന്നു ചില സ്ഥലങ്ങളില്‍.

വലതു ഭാഗത്തായി വിശാലമായ ഒരു സെമിനാര്‍ ഹാള്‍.ഇവിടത്തെ പ്രധാന ആകര്‍ഷണം ആയ മണി, ഇത് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ്.ഈ രാജ്യത്ത് ഇത് പോലുള്ള മൂന്നെന്നങ്ങളില്‍ ഒന്നാണ് ഇത്. ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോ തൂക്കം വരുന്ന ഈ മണി ഇപ്പോഴും വിശേഷ അവസരങ്ങളില്‍ മുഴക്കാറുണ്ടത്രേ.

രണ്ടാമത്തെ പ്രവേശനകവാടം. ഇതിനെ ഒരു കെട്ടിടം എന്ന് തന്നെ പറയാം അത്രയ്ക്ക് വലുതാണ്‌. ഇതിന്റെ മുന്നില്‍ ആയി അഞ്ചു കല്ലുകളില്‍ തീര്‍ത്ത ഒരു പഗോഡ കാണാം. പതിവ് രീതിയില്‍ ഉള്ള ധാരാളം മരം ഉപയോഗിച്ചുള്ള കെട്ടിട നിര്‍മിതി.

ഈ കെട്ടിടം ഒരു ഉപക്ഷേത്രം പോലെ തോന്നിച്ചു.


ഇതിനുള്ളിലും ചെറിയ ബുദ്ധ വിഗ്രഹവും മറ്റു പൂജാ ദ്രവ്യങ്ങളും ഒക്കെ ഉണ്ട്. അകത്തു കടന്നു ഒന്ന് തൊഴുതു. ഫോട്ടോയും എടുത്തു.

പ്രധാന ക്ഷേത്രത്തിനു അകത്തെ ബുദ്ധ പ്രതിഷ്ഠ. ചുറ്റും ഇരിക്കുന്നത് അരി പ്ളാസ്റിക് പാക്കറ്റുകളില്‍ ആക്കിയതാണ്. എല്ലാ ബുദ്ധ ക്ഷേത്രങ്ങളോട് ചേര്‍ന്നും ഇത്തരം പാക്കറ്റുകള്‍ വില്‍ക്കുന്ന ഒരു കട ഉണ്ടാവും, നമ്മള്‍ വഴിപാടു ചെയ്യാന്‍ ആഗ്രഹിക്കുന്ന പണത്തിനു അരി വാങ്ങി വിഗ്രഹത്തിനു അടുത്ത് വെയ്ക്കുക അതാണ്‌ വഴിപാടു രീതി. പുറത്തു നിന്നും വാങ്ങികൊണ്ട് പോവാം. അത് പോലെ മെഴുക് തിരികളും വാങ്ങി കത്തിച്ച് വെയ്ക്കാം.


ഇവിടെയും തൊഴുത ശേഷം പുറത്തിറങ്ങി. പുറത്തു കടന്നപ്പോള്‍ ആണ് ഇംഗ്ലീഷില്‍ ഉള്ള ഈ ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡ്‌ കണ്ടത്.


വിശ്വാസികളുടെ പുതു തലമുറ.

അങ്ങനെ ഒരു ചുറ്റു കാഴ്ചകളും കണ്ട്, കുറച്ചു ഫോട്ടോകളും എടുത്തു ഞാന്‍ മെല്ലെ പുറത്തു കടന്നു. രണ്ടു മാസം കഴിഞ്ഞു ഇവിടം സന്ദര്ശിചിരുന്നെങ്കില്‍ കുറച്ചു കൂടി വര്‍ണ്ണപകിട്ടോടെ ഉണ്ടാവുമായിരുന്നു, ഇപ്പോള്‍ പക്ഷെ മഞ്ഞു വീഴ്ച ഒക്കെ കഴിഞ്ഞ കാരണം ചെടികള്‍ ഒക്കെ നശിച്ചു പോയിരുന്നു.
പുറത്തു കടന്നപ്പോള്‍ റോഡിന്റെ എതിര്‍ വശത്തായി ഒരു വലിയ കെട്ടിടം. അന്വേഷിച്ചപ്പോള്‍ അത് ടെമ്പിള്‍ സ്റ്റേ യ്ക്ക് വരുന്നവര്‍ക്ക് താമസിക്കാന്‍ ഉള്ള കെട്ടിടം ആണെന്ന് മനസിലായി. കൊറിയയിലെ മിയ്ക്ക പ്രധാന ബുദ്ധ ക്ഷേത്രങ്ങളിലും ടെമ്പിള്‍സ്റ്റേ എന്നൊരു സംഭവം ഉണ്ട്. ഒരു ദിവസം മൊത്തം അവിടെ താമസിച്ചു, അവിടത്തെ ബുദ്ധ ഭിക്ഷുക്കളുടെ ജീവിത രീതി യില്‍ തന്നെ ജീവിക്കുന്ന ഒരു സമ്പ്രദായം. വെളുപ്പിനെ മൂന്നു മണിക്ക് എഴുന്നെല്‍ക്കണം എന്ന് ഉള്ളത് കൊണ്ട് ആ സാഹസം ഇത് വരെ ചെയ്തിട്ടില്ല. എന്നെങ്കിലും പോവുകയാണെങ്കില്‍ അതിന്റെ കഥയും ഇവിടെ ഇടാം. തത്ക്കാലം വിട.

ആശംസകളോടെ..

ഞാന്‍, ഗന്ധര്‍വന്‍.

കൊറിയന്‍ ഗ്രാമങ്ങള്‍ -1

എല്ലാവര്ക്കും പുതുവത്സരാശംസകള്‍
ഒരു ചെറിയ യാത്രകൂടി. കൊറിയന്‍ ഗ്രാമങ്ങളെ പറ്റി ശ്രീനാഥന്‍ സാറും കേരളദാസന്‍ഉണ്ണി സാറുംചോദിച്ചിരുന്നു. എന്റെ ജോലി സംബന്ധമായ ഒരു ചെറിയ യാത്രയും അതിന്റെ കൂടെ ഒത്തു വന്നു. ഭയങ്കര തണുപ്പ് കാരണം ഫോട്ടോസ് എടുക്കാന്‍ കൂടുതല്‍ റിസ്ക്‌ എടുത്തിട്ടില്ല, സദയം ക്ഷമിക്കുക.
ഗാന്ഗ്വോന്‍ (Gangwon) എന്ന ഒരു province ലേക്ക് ഒരു യാത്ര. ഇവിടം കൃഷിയിടം ആണ്. മിക്കവാറും ആള്‍ക്കാര്‍ കൃഷിക്കാര്‍ ആണ്. നെല്‍കൃഷി ആണ് പൊതുവായ കൃഷി. കൊറിയയില്‍ ഒരു 6-7 മാസം കൃഷി ചെയ്യാന്‍ പറ്റിയ കാലാവസ്ഥ ആണ്. ബാകി ഒക്കെ മഞ്ഞു വീഴ്ചയും തണുപ്പും കൊണ്ട് പോകും. ഒരു പാടു ചെറിയ ചെറിയ മലനിരകള്‍ ഉള്ളതിനാലും നാലഞ്ചു മാസം തണുപ്പ് കാരണവും കൃഷി ചെയ്യാനുള്ള സ്ഥലം വളരെ കുറവാണ്, പിന്നെ കൃഷി ചെയാനുള്ള സമയവും.
നമ്മുടെ നാട്ടില്‍ നോക്കു, ഒരു വര്‍ഷത്തില്‍ മുപ്പൂവല്‍ കൃഷി ചെയ്തിരുന്നത് എനിക്കോര്‍മയുണ്ട്. ഇപ്പൊ ഞങ്ങള്‍ രണ്ടു പൂവല്‍ കൃഷിയെ ചെയ്യുന്നുള്ളൂ. മഴയുടെ ചതി തന്നെ കാരണം.
ഇവിടെ ഇത്രയും കുറഞ്ഞ സമയവും കൃഷിസ്ഥലവും വെച്ച് തന്നെ രാജ്യത്തിന് ആവശ്യമായത്തിന്റെ ഭൂരിഭാഗം അരിയും മറ്റു പച്ചക്കറികളും ഇവര്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതിന്റെ പ്രധാന കാരണം, ശാസ്ത്രത്തെയും സാങ്കെതികതെയും കൃഷിയിലേക്ക് സമന്വയിപ്പിക്കാന്‍ സാധിച്ചു എന്നത് തന്നെ ആണ്. ഒരൊറ്റ ആള്‍ മതി, ഒരു വലിയ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍, ആ യന്ത്രത്തിന് നടാനും. വിളവു അറുക്കാനും അതിനെ നെല്ലാക്കി മാറ്റാനും സാധിക്കും.
അങ്ങനെ ഞാന്‍ വിളവു ഒക്കെ കഴിഞ്ഞ, നല്ല തണുപ്പുള്ള ഡിസംബറില്‍ ആണ് ഈ സ്ഥലത്തേക്ക് പോകുന്നത്. ആദ്യം തന്നെ പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാന്‍ കയറി. എന്റെ കഷ്ടകാലം ഈ രാജ്യത്ത് ഭക്ഷണത്തിന്റെ രൂപത്തില്‍ ആണ്. പലതും എനിക്ക് കഴിക്കാന്‍ സാധിക്കാത്ത സാധനങ്ങള്‍ ആണ്. ഇവിടെയും അതന്നെ സ്ഥിതി. സുഷി എന്ന മത്സ്യാഹാരം പച്ചക്ക് തിന്നാന്‍ തന്നു.




ഞാന്‍ എന്ത് ചെയ്യാന്‍?? കൂടെ ഉള്ള സാലഡും ചോറും വെച്ച് തിന്നു കൊണ്ടിരുന്നു. അതിന്റെ ഇടക്ക് വീണ്ടും ഈ മത്സ്യത്തെ മാവില്‍ മുക്കി നമ്മുടെ വാഴക്ക ബജ്ജി മാതിരി ഉണ്ടാക്കി കൊണ്ട് വന്നു. സന്തോഷം. അത് വെച്ച് ബാകി ചോറും കുറച്ചു സോജു എന്ന് അറിയപ്പെടുന്ന കൊറിയന്‍ മദ്യവും അകത്താക്കി. വേറെ വഴി ഇല്ല. തണുപ്പ് മൈനുസ് പതിനഞ്ചു എത്തി തുടങ്ങി.
വീണ്ടും യാത്ര തുടങ്ങി. ഒരു പാടു ഹെയര്‍ പിന്‍ ബെന്ടുകള്‍ ഉള്ള റോഡുകള്‍. പക്ഷെ റോഡുകള്‍ നല്ലതായ കാരണം ക്ഷീണം തോന്നിയില്ല


അങ്ങനെ കൃഷി സ്ഥലത്തെത്തി. അവിടെ കുറച്ചു സാമ്പിളുകള്‍ എടുക്കെണ്ടതുണ്ടായിരുന്നു. അതൊക്കെ തീര്‍ത്തിട്ട് കൃഷിക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.
ഒരുപാട് വ്യത്യാസം ഒന്നും ഇല്ലാത്ത വീടുകള്‍ തന്നെ. ചെറിയ വീടുകള്‍ ആണെങ്കിലും അവിടെ എല്ലാ വിധ ആധുനിക സൌകര്യങ്ങളും ഉണ്ട്. നല്ല കാറുകള്‍, നല്ല ടീവി അങ്ങനെ. ഇത് പൊതുവേ കാണുന്ന ഒരു പ്രവണത ആണ്. കൃഷിയും അത്ര നഷ്ടമുള്ള ഏര്‍പ്പാട് അല്ല ഇവിടെ. പുതിയ തലമുറ നഗരങ്ങളിലേക്ക് മാറുന്നുണ്ടെങ്കിലും പഴയ തലമുറ കൃഷി തന്നെ ചെയ്യുന്നു. പിന്നെ പണിക്കു ആളെ കിട്ടിയില്ല എന്ന പരാതി വേണ്ട, കാരണം എല്ലാം യന്ത്രവല്‍കൃതം ആണല്ലോ.
പഴയ തലമുറ എന്ന് പറയുമ്പോള്‍ നാട്ടിലെ പോലെ അല്ല. ഇവിടത്തുകാര്‍ പൊതുവേ എണ്പതു-തൊണ്ണൂറു വയസ്സ് വരെ ജീവിക്കും അതും നല്ല ആരോഗ്യത്തോടെ തന്നെ. അത് കൊണ്ട് ഇപ്പോള്‍ അറുപതു വയസ്സുള്ള ഒരാള്‍ ഇനിയും ഒരു ഇരുപതു കൊല്ലം ഈ കൃഷി ഒക്കെ നടത്താന്‍ തക്കവണ്ണം പ്രാപ്തി ഉള്ള ആള്‍ ആയിരിക്കും. കേശവദാസന്‍ഉണ്ണി സാറിന്റെ കുപ്പന്‍ കുട്ടി എഴുത്തശ്ശനെ പോലെ.




കൊറിയന്‍ വീടുകളുടെ പ്രത്യേകത അവ ചെറുതായിരിക്കും എന്നതാണ്, തണുപ്പ് കാലത്ത് ചൂടാക്കാന്‍ എളുപ്പം.

അവിടെ എത്തിയപ്പോള്‍ ഈ കൃഷിയിടത്തിന്റെ മൊതലാളി അപ്പൊ ഒരു പന്നിയെ മുറിച്ചു പാകം ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. തണുപ്പ് മൈനസ് പതിനഞ്ചു ആയതു കൊണ്ട് കൊല്ലപ്പെട്ട പന്നിക്കുട്ടനെ ഫ്രിഡ്ജില്‍ ഒന്നും വെയ്ക്കേണ്ട ആവശ്യം ഇല്ല്ല, അവിടെ തന്നെ ഒരു തൊട്ടിയില്‍ ഇട്ടു വെച്ചിരുന്നു. അതില്‍ നിന്ന് കഷ്ണങ്ങള്‍ മുറിച്ചെടുത്തു തീയില്‍ ചുട്ടു തിന്നു കൊണ്ടിരുന്നു എല്ലാവരും, ഞാന്‍ അത് നോക്കി കൊണ്ടും നിന്നു






അതിന്റെ ഇടയില്‍ ചിലര്‍ക്ക് വീട്ടിനു പിന്നില്‍ കൂട്ടിയിട്ട വിറകു വെട്ടി നോക്കണം എന്നായി.



കൃഷിയിടത്തിനോട് ചേര്‍ന്ന ഒരു തടാകം. ഇവിടെ മത്സ്യങ്ങളെയും പിടിക്കുന്നുണ്ട് വേനല്‍ക്കാലത്ത്.


കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിച്ച കോട്ടേജ് ലേക്ക് യാത്രയായി. അവിടെ എനിക്ക് കഴിക്കാന്‍ ചിക്കെന്‍ ഫ്രൈ ഉണ്ടായിരുന്നു. അതും ഇല്ലായിരുന്നെങ്കില്‍ ഈ രാത്രിയും വെറും ബിസ്കറ്റ് മാത്രം. അങ്ങനെ ഒരു യാത്ര ഈ രാത്രിയോടെ തീരുന്നു. വീണ്ടും സ്പ്രിംഗ് അല്ലെങ്കില്‍ സമ്മര്‍ സമയത്ത് ഒരിക്കല്‍ കൂടി ഇവിടെ വരണം എന്ന ആഗ്രഹത്തോടെ അവിടെ നിന്നും രാവിലെ വീണ്ടും എന്റെ സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇനിയൊരു യാത്ര ഉണ്ടാവുന്ന വരെ വിട. നന്ദി.

കൊറിയന്‍ അതിര്ത്തിയിലെക്കൊരു യാത്ര-DMZ അഥവാ Demilitarized zone.


ഇരു കൊറിയകള്‍ക്കിടയില്‍ ഇപ്പോള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന നേരത്ത് ഞങ്ങളുടെ ഒരു പഴയ യാത്ര ഓര്മ വന്നു. ഇരു കൊറിയകളുടെയും അതിര്‍ത്തിയിലേക്ക്.
ഈ DMZ DMZ എന്ന് പറഞ്ഞാല്‍ എന്താ എന്നാ വിചാരം? എനിക്കും അറിയില്ലായിരുന്നു. രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സമാധാന ഉടമ്പടി പ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഒരു നിയന്ത്രണ രേഖ, അവിടെ ഇരു കൂട്ടരുടെയും പട്ടാളക്കാര്‍ ഉണ്ടാവും. എന്നാലോ അവിടെ മിലിട്ടറി ആക്ടിവിറ്റി ഒന്നും ഉണ്ടാവുകയും ഇല്ല. അതാണ്‌ ഈ DMZ എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
ഭാര്‍ഗവീനിലയത്തില്‍ പകല്‍ പോയാലത്തെ സ്ഥിതി. അതാണ്‌ സംഭവം. എന്തും സംഭവിക്കാം, പക്ഷെ ഇപ്പോള്‍ ഇല്ല എന്ന അവസ്ഥ.

അങ്ങനെ കുറെ പ്ലാന്നിങ്ങിനും മാറ്റി വെക്കലുകള്‍ക്കും ശേഷം ഞങ്ങള്‍ സൌത്ത് -നോര്‍ത്ത് കൊറിയകള്‍ക്കിടയില്‍ ഉള്ള ഒരു DMZ-ലേക്ക് പുറപ്പെട്ടു. കൂടുതല്‍ കാണാന്‍ ഒന്നും ഇല്ലെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലം കാണാം എന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഇവിടത്തെ സര്‍ക്കാരിന്റെ സവിശേഷ ഗുണമായ ചുക്കിനും ചുണ്ണാമ്ബിനും കൊള്ളാത്ത സ്ഥലങ്ങളെ പോലും നല്ല സെറ്റ് അപ്പും യാത്രാ സൌകര്യവും കൊടുത്തു നല്ല കാശുണ്ടാക്കുന്ന ശൈലി നാട്ടില്‍ എത്രയോ നല്ല സ്ഥലങ്ങള്‍ ഉള്ള നമുക്കും ഒരു നല്ല പാഠമാണ്.

മുന്സാന്‍ എന്ന സ്ഥലം വരെ സബ് വേ ട്രെയിനിലും അവിടെ നിന്ന് ഒരു പത്തു നിമിഷം ടാക്സിയിലും പോയാല്‍ ഇമ്ജിന്‍ഗാക് എന്ന പ്രദേശത്ത് എത്തും. ഇവിടെ നിന്ന് DMZ തുടങ്ങുന്നു.
ഇവിടെ നാട്ടിലെ വിമാനത്താവളം പോലത്തെ ഒരു ബസ്‌ സ്റ്റേഷന്‍ ഉണ്ട്. അവിടെ നിന്നും ആണ് അതിര്‍ത്തിയും അനുബന്ധ സംഭവങ്ങളും കാണാന്‍ ടിക്കറ്റ്‌ എടുക്കേണ്ടത്.
ടിക്കറ്റ്‌ എടുത്തു ബസ്സില്‍ കയറിയാല്‍ അവര്‍ അതിര്‍ത്തി പ്രദേശത്തേക്ക് കൂട്ടികൊണ്ട് പോകും. വെറുതെ അങ്ങനെ പോയി ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല. ഞങ്ങളുടെ കയ്യില്‍ ഇവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ്‌ ഉണ്ട്, എന്നാലും ഇവിടെ വരാന്‍ നമ്മുടെ പാസ്പോര്‍ട്ട്‌ കയ്യില്‍ വേണം. ഈ രണ്ടു സാധനങ്ങളും വെരിഫൈ ചെയ്തിട്ട് കൌന്റെരില്‍ ഇരിക്കുന്ന കൊച്ചു ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു.



അപ്പോള്‍ സമയം ഒരു പതിനൊന്നു ആയിട്ടുണ്ടാവും. ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടത്‌ കൊണ്ട് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല, ഒരു നാല് ദോശ അല്ലാതെ... അടുത്ത ബസ് പുറപ്പെടുന്നത് പതിനൊന്നു മുപ്പതിനാണ്. അതോണ്ട് എന്തെങ്കില്‍ കഴിക്കാം എന്ന് വെച്ചു, പക്ഷെ ഞാന്‍ കൊറിയന്‍ ഭക്ഷണം കഴിക്കുന്ന ആളല്ല, അതോണ്ട് അവിടെ കണ്ട ചുട്ട ചോളം വാങ്ങി തിന്നു, എന്നിട്ട് കുറച്ചു സ്നാക്സ് , വെള്ളം ഒക്കെ വാങ്ങി വെച്ചു. കാരണം ബസ് യാത്ര രണ്ടു മണിക്കൂര്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് ഞങ്ങള്‍ക്ക് പോകാനുള്ള ബസ്.


അതിര്‍ത്തി യിലേക്കുള്ള യാത്രക്കിടയിലെ ചില കാഴ്ചകള്‍.




കുറച്ചു ദൂരം യാത്ര ചെയ്തപ്പോള്‍ ഒരു ചെക്ക് പോസ്റ്റില്‍ എത്തി. ഇവിടെ നിന്നും കുറച്ചു സൌത്ത് കൊറിയന്‍ പട്ടാളക്കാര്‍ കയറി എല്ലാവരുടെയും രേഖകള്‍ ഒന്നുകൂടി പരിശോധിച്ചു, എന്നിട്ട് വണ്ടി വിട്ടോളാന്‍ പറഞ്ഞു. അങ്ങനെ ഒരു നാല്പതു മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരു സ്പോട്ടില്‍ എത്തി. ബസ്സിലെ കിളി (ഗൈഡ്) ഇറങ്ങിക്കോളാന്‍ പറഞ്ഞു. നോക്കിയപ്പോ അവിടെ കുറെ ദൂരദര്ശിനി ഒക്കെ വെച്ചിട്ട് പട്ടാളക്കാര്‍ നില്‍ക്കുന്നു. ഇതാണ് നമുക്ക് മാക്സിമം പോകാന്‍ പറ്റാവുന്ന ഏരിയ. ഇവിടെ നിന്നും നമുക്ക് ദൂര ദര്ശിനി വഴി നോര്‍ത്ത് കൊറിയ കാണാന്‍ സാധിക്കും. ഈ ഭാഗത്ത്‌ നമ്മുടെ ചലനങ്ങള്‍ / പ്രവര്‍ത്തികള്‍ ഒക്കെ കഴിയുന്നതും കുറച്ചു വെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മറ്റവന്മാര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ അപ്പൊ വെടി പൊട്ടിക്കുമത്രേ!! ദൈവം തുണ!!



ശ്വാസം അടക്കി പിടിച്ചു കൊണ്ട് തന്നെ അവിടെ നിന്നും യാത്ര തുടര്‍ന്നു.
അടുത്ത സ്പോട്ട് ഒരു ടണല്‍ ആയിരുന്നു. 1950-കളിലെ യുദ്ധ കാലത്ത് നോര്‍ത്ത് കൊറിയയില്‍ നിന്നും നുഴഞ്ഞു കയറാന്‍ വേണ്ടി കിലോമീറ്ററുകള്‍ വരുന്ന തുരംഗങ്ങള്‍ എലി മാളം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയിരുന്നത്രേ!! ഇത് വരെ ഇതില്‍ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക്‌ അല്പം വളഞ്ഞു പോകാവുന്നത്ര അളവില്‍ ആണിത് ഉണ്ടാക്കിയിരിക്കുന്നത്. ഭയങ്കരന്മാര്‍ തന്നെ!!



ഈ ഫോട്ടോ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും തന്ന കൈപ്പുസ്തകത്തില്‍ നിന്നും.

ഈ ഭാഗത്തെങ്ങാനും ഫോട്ടോ എടുത്താല്‍, മെമ്മറി കാര്‍ഡ് എടുത്തു വെച്ചിട്ടേ വീട്ടിലേക്കു വിടൂ എന്ന് പറഞ്ഞതു കൊണ്ട് കൂടുതല്‍ ഫോട്ടോ ഒന്നും എടുത്തില്ല. അടുത്ത സ്പോട്ട് സൌത്ത് കൊറിയയില്‍ നോര്‍ത്തിലേക്ക്‌ നിന്നും തീവണ്ടി സര്‍വീസ് ഉണ്ടായിരുന്ന സമയത്തെ ട്രെയിന്‍ സ്റ്റേഷന്‍ ആയിരുന്നു. അവിടത്തെ ചില ചിത്രങ്ങള്‍.









ബസ്സിനു സമയം പാലിക്കേണ്ടത് ഉണ്ടായിരുന്നതിനാല്‍, അവിടെ നിന്ന് വീണ്ടും പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചു. ഇവിടെ എത്തിയപ്പോഴാണ് ശെരിക്കും ശ്വാസം വീണത്‌. അവിടെ ഒരു മ്യുസിയവും അതിനോട് ചേര്‍ന്ന് ഒരു ചെറിയ അമ്യുസ്മെന്റ്റ് പാര്കും ഉണ്ടായിരുന്നു. അവിടെ ഒന്ന് ചുറ്റി അടിച്ച ശേഷം ഞങ്ങള്‍ തിരിച്ചു യാത്ര പുറപ്പെട്ടു.







മറ്റൊരു യാത്രയെപ്പറ്റി അടുത്ത പോസ്റ്റില്‍.

 
Copyright (c) 2010. പാണനാര്‍