Pages

കൊറിയന്‍ അതിര്ത്തിയിലെക്കൊരു യാത്ര-DMZ അഥവാ Demilitarized zone.


ഇരു കൊറിയകള്‍ക്കിടയില്‍ ഇപ്പോള്‍ സംഘര്‍ഷം നിലനില്‍ക്കുന്ന നേരത്ത് ഞങ്ങളുടെ ഒരു പഴയ യാത്ര ഓര്മ വന്നു. ഇരു കൊറിയകളുടെയും അതിര്‍ത്തിയിലേക്ക്.
ഈ DMZ DMZ എന്ന് പറഞ്ഞാല്‍ എന്താ എന്നാ വിചാരം? എനിക്കും അറിയില്ലായിരുന്നു. രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സമാധാന ഉടമ്പടി പ്രകാരം ഉണ്ടാക്കിയിരിക്കുന്ന ഒരു നിയന്ത്രണ രേഖ, അവിടെ ഇരു കൂട്ടരുടെയും പട്ടാളക്കാര്‍ ഉണ്ടാവും. എന്നാലോ അവിടെ മിലിട്ടറി ആക്ടിവിറ്റി ഒന്നും ഉണ്ടാവുകയും ഇല്ല. അതാണ്‌ ഈ DMZ എന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
ഭാര്‍ഗവീനിലയത്തില്‍ പകല്‍ പോയാലത്തെ സ്ഥിതി. അതാണ്‌ സംഭവം. എന്തും സംഭവിക്കാം, പക്ഷെ ഇപ്പോള്‍ ഇല്ല എന്ന അവസ്ഥ.

അങ്ങനെ കുറെ പ്ലാന്നിങ്ങിനും മാറ്റി വെക്കലുകള്‍ക്കും ശേഷം ഞങ്ങള്‍ സൌത്ത് -നോര്‍ത്ത് കൊറിയകള്‍ക്കിടയില്‍ ഉള്ള ഒരു DMZ-ലേക്ക് പുറപ്പെട്ടു. കൂടുതല്‍ കാണാന്‍ ഒന്നും ഇല്ലെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലം കാണാം എന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ഇവിടത്തെ സര്‍ക്കാരിന്റെ സവിശേഷ ഗുണമായ ചുക്കിനും ചുണ്ണാമ്ബിനും കൊള്ളാത്ത സ്ഥലങ്ങളെ പോലും നല്ല സെറ്റ് അപ്പും യാത്രാ സൌകര്യവും കൊടുത്തു നല്ല കാശുണ്ടാക്കുന്ന ശൈലി നാട്ടില്‍ എത്രയോ നല്ല സ്ഥലങ്ങള്‍ ഉള്ള നമുക്കും ഒരു നല്ല പാഠമാണ്.

മുന്സാന്‍ എന്ന സ്ഥലം വരെ സബ് വേ ട്രെയിനിലും അവിടെ നിന്ന് ഒരു പത്തു നിമിഷം ടാക്സിയിലും പോയാല്‍ ഇമ്ജിന്‍ഗാക് എന്ന പ്രദേശത്ത് എത്തും. ഇവിടെ നിന്ന് DMZ തുടങ്ങുന്നു.
ഇവിടെ നാട്ടിലെ വിമാനത്താവളം പോലത്തെ ഒരു ബസ്‌ സ്റ്റേഷന്‍ ഉണ്ട്. അവിടെ നിന്നും ആണ് അതിര്‍ത്തിയും അനുബന്ധ സംഭവങ്ങളും കാണാന്‍ ടിക്കറ്റ്‌ എടുക്കേണ്ടത്.
ടിക്കറ്റ്‌ എടുത്തു ബസ്സില്‍ കയറിയാല്‍ അവര്‍ അതിര്‍ത്തി പ്രദേശത്തേക്ക് കൂട്ടികൊണ്ട് പോകും. വെറുതെ അങ്ങനെ പോയി ടിക്കറ്റ്‌ എടുക്കാന്‍ പറ്റില്ല. ഞങ്ങളുടെ കയ്യില്‍ ഇവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ്‌ ഉണ്ട്, എന്നാലും ഇവിടെ വരാന്‍ നമ്മുടെ പാസ്പോര്‍ട്ട്‌ കയ്യില്‍ വേണം. ഈ രണ്ടു സാധനങ്ങളും വെരിഫൈ ചെയ്തിട്ട് കൌന്റെരില്‍ ഇരിക്കുന്ന കൊച്ചു ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു.അപ്പോള്‍ സമയം ഒരു പതിനൊന്നു ആയിട്ടുണ്ടാവും. ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടത്‌ കൊണ്ട് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല, ഒരു നാല് ദോശ അല്ലാതെ... അടുത്ത ബസ് പുറപ്പെടുന്നത് പതിനൊന്നു മുപ്പതിനാണ്. അതോണ്ട് എന്തെങ്കില്‍ കഴിക്കാം എന്ന് വെച്ചു, പക്ഷെ ഞാന്‍ കൊറിയന്‍ ഭക്ഷണം കഴിക്കുന്ന ആളല്ല, അതോണ്ട് അവിടെ കണ്ട ചുട്ട ചോളം വാങ്ങി തിന്നു, എന്നിട്ട് കുറച്ചു സ്നാക്സ് , വെള്ളം ഒക്കെ വാങ്ങി വെച്ചു. കാരണം ബസ് യാത്ര രണ്ടു മണിക്കൂര്‍ ഉണ്ടാവും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതാണ് ഞങ്ങള്‍ക്ക് പോകാനുള്ള ബസ്.


അതിര്‍ത്തി യിലേക്കുള്ള യാത്രക്കിടയിലെ ചില കാഴ്ചകള്‍.
കുറച്ചു ദൂരം യാത്ര ചെയ്തപ്പോള്‍ ഒരു ചെക്ക് പോസ്റ്റില്‍ എത്തി. ഇവിടെ നിന്നും കുറച്ചു സൌത്ത് കൊറിയന്‍ പട്ടാളക്കാര്‍ കയറി എല്ലാവരുടെയും രേഖകള്‍ ഒന്നുകൂടി പരിശോധിച്ചു, എന്നിട്ട് വണ്ടി വിട്ടോളാന്‍ പറഞ്ഞു. അങ്ങനെ ഒരു നാല്പതു മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരു സ്പോട്ടില്‍ എത്തി. ബസ്സിലെ കിളി (ഗൈഡ്) ഇറങ്ങിക്കോളാന്‍ പറഞ്ഞു. നോക്കിയപ്പോ അവിടെ കുറെ ദൂരദര്ശിനി ഒക്കെ വെച്ചിട്ട് പട്ടാളക്കാര്‍ നില്‍ക്കുന്നു. ഇതാണ് നമുക്ക് മാക്സിമം പോകാന്‍ പറ്റാവുന്ന ഏരിയ. ഇവിടെ നിന്നും നമുക്ക് ദൂര ദര്ശിനി വഴി നോര്‍ത്ത് കൊറിയ കാണാന്‍ സാധിക്കും. ഈ ഭാഗത്ത്‌ നമ്മുടെ ചലനങ്ങള്‍ / പ്രവര്‍ത്തികള്‍ ഒക്കെ കഴിയുന്നതും കുറച്ചു വെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മറ്റവന്മാര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ അപ്പൊ വെടി പൊട്ടിക്കുമത്രേ!! ദൈവം തുണ!!ശ്വാസം അടക്കി പിടിച്ചു കൊണ്ട് തന്നെ അവിടെ നിന്നും യാത്ര തുടര്‍ന്നു.
അടുത്ത സ്പോട്ട് ഒരു ടണല്‍ ആയിരുന്നു. 1950-കളിലെ യുദ്ധ കാലത്ത് നോര്‍ത്ത് കൊറിയയില്‍ നിന്നും നുഴഞ്ഞു കയറാന്‍ വേണ്ടി കിലോമീറ്ററുകള്‍ വരുന്ന തുരംഗങ്ങള്‍ എലി മാളം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയിരുന്നത്രേ!! ഇത് വരെ ഇതില്‍ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക്‌ അല്പം വളഞ്ഞു പോകാവുന്നത്ര അളവില്‍ ആണിത് ഉണ്ടാക്കിയിരിക്കുന്നത്. ഭയങ്കരന്മാര്‍ തന്നെ!!ഈ ഫോട്ടോ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും തന്ന കൈപ്പുസ്തകത്തില്‍ നിന്നും.

ഈ ഭാഗത്തെങ്ങാനും ഫോട്ടോ എടുത്താല്‍, മെമ്മറി കാര്‍ഡ് എടുത്തു വെച്ചിട്ടേ വീട്ടിലേക്കു വിടൂ എന്ന് പറഞ്ഞതു കൊണ്ട് കൂടുതല്‍ ഫോട്ടോ ഒന്നും എടുത്തില്ല. അടുത്ത സ്പോട്ട് സൌത്ത് കൊറിയയില്‍ നോര്‍ത്തിലേക്ക്‌ നിന്നും തീവണ്ടി സര്‍വീസ് ഉണ്ടായിരുന്ന സമയത്തെ ട്രെയിന്‍ സ്റ്റേഷന്‍ ആയിരുന്നു. അവിടത്തെ ചില ചിത്രങ്ങള്‍.

ബസ്സിനു സമയം പാലിക്കേണ്ടത് ഉണ്ടായിരുന്നതിനാല്‍, അവിടെ നിന്ന് വീണ്ടും പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചു. ഇവിടെ എത്തിയപ്പോഴാണ് ശെരിക്കും ശ്വാസം വീണത്‌. അവിടെ ഒരു മ്യുസിയവും അതിനോട് ചേര്‍ന്ന് ഒരു ചെറിയ അമ്യുസ്മെന്റ്റ് പാര്കും ഉണ്ടായിരുന്നു. അവിടെ ഒന്ന് ചുറ്റി അടിച്ച ശേഷം ഞങ്ങള്‍ തിരിച്ചു യാത്ര പുറപ്പെട്ടു.മറ്റൊരു യാത്രയെപ്പറ്റി അടുത്ത പോസ്റ്റില്‍.

ചില കൊറിയന്‍ ചിത്രങ്ങള്‍..

ചില കൊറിയന്‍ ചിത്രങ്ങള്‍..കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയമ്മന്‍ ക്ഷേത്രം

കുറച്ചു ദിവസത്തെ അവധിക്കു ശേഷം എന്റെ അടുത്ത ഒരു പോസ്റ്റ്‌.കാഞ്ചീപുരത്തില്‍ അടുത്തതായി പോയ ക്ഷേത്രമായിരുന്നു കാമാക്ഷിയമ്മന്‍ ക്ഷേത്രം. കാഞ്ചി കാമാക്ഷി പ്രസിദ്ധയാണ്. കാഞ്ചി കാമാക്ഷി, മധുര മീനാക്ഷി, കാശി വിശ്വനാഥന്‍ എന്ന് പുകഴ് പെറ്റ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്ന്. ദേവി ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലാണ് ഇവിടത്തെ പ്രതിഷ്ഠ.

തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളിലെ പോലെ തന്നെ ഇവിടെയും സന്ദര്‍ശകര്‍ക്ക് വസ്ത്രധാരണത്തിന് ചട്ടങ്ങളൊന്നും തന്നെ ഇല്ല.പല്ലവ രാജാക്കന്മാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തില്‍, ആദി ശങ്കരന്‍ എട്ടാം നൂറ്റാണ്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുകയും, രൌദ്രയായ ദേവിയെ ശാന്തയാക്കി മാറ്റി എന്നും ഐതിഹ്യം. പിന്നീട് ക്ഷേത്രത്തെ മോടി പിടിപ്പിക്കുകയും സ്വര്‍ണ ഗോപുരം ഉണ്ടാക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പൊതുവേ കുറച്ചു നല്ല വൃത്തിയും ശുദ്ധിയും ഉള്ള ഒരു ക്ഷേത്രം ആയിട്ടു തോന്നി ഇത്.


ഒരു നല്ല കുളം, പിന്നെ ഒരു നൂറു കാല്‍ മണ്ഡപം ഇതൊക്കെ ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. കുറച്ചു ഫോട്ടോകള്‍..

ഒരു നല്ല ആനകുട്ടി. കുറെ കഴിഞ്ഞു നല്ല വെയില്‍ ആയ സമയത്ത് ഇതിനെ പുറത്തു കൊണ്ടുപോയി കടകളിലും വീടുകളിലും ഒക്കെ പോയി ദക്ഷിണയും പഴവും ഒക്കെ വാങ്ങിക്കൊണ്ടു പോകുന്നത് കണ്ടു. പാവം ആനയെ പിച്ചയെടുപ്പിക്കുയാണോ അതോ ദേവിയുടെ അനുഗ്രഹം വീടുകളിലെത്തിക്കുകയാണോ,അറിയില്ല..
ഇതാണ് നൂറു കാല്‍ മണ്ഡപം. പുറത്തു നല്ല ചൂടായിരുന്നെങ്കിലും ഇതിനുള്ളില്‍ നല്ല തണുപ്പായിരുന്നു.സ്വര്‍ണ ഗോപുരം നല്ല ഒരു കാഴ്ച തന്നെയായിരുന്നു.


അങ്ങനെ ഒരു 2 മണിക്കൂര്‍ അവിടെ ചിലവിട്ടിട്ടു ഞങ്ങള്‍ അടുത്ത ക്ഷേത്രത്തിലേക്ക് നീങ്ങി.. അതിനെപ്പറ്റി അടുത്ത പോസ്റ്റില്‍.. വീണ്ടും കാണും വരേയ്ക്കും നന്രി..

ദേവിയുടെ ഫോട്ടോക്ക് wikipedia യോട് കടപ്പാട്..

കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 1. കൈലാസ നാഥര്‍ ക്ഷേത്രം
ഇക്കഴിഞ്ഞ അവധിക്കാലത്ത്‌ (March -April) ചെന്നൈയില്‍ ആയിരുന്നപ്പോള്‍ ഒരു ദിവസം കൊണ്ട് കാഞ്ചീപുരത്തെ ഏതാനും ക്ഷേത്രങ്ങള്‍ കണ്ടിട്ട് വരാം എന്നൊരു തോന്നല്‍ ഉണ്ടായി. പിന്നെന്താ, രാവിലെ ഒരു 5 മണിക്ക് പുറപ്പെട്ടു. അതിനു മുന്‍പ് തന്നെ കാണേണ്ട അമ്പലങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു (ഒന്നിന്റെയും ആവശ്യമില്ല എന്ന് അവിടെ പോയപ്പോളല്ലേ മനസ്സിലായെ, എവിടെ തിരിഞ്ഞാലും ഒരു അമ്പലം ഉണ്ടാവും, അതിനൊരു നല്ല വലിയ കമാനവും, പിന്നെ നല്ല ഒരു ചരിത്രവും ഉണ്ടാവും). എന്നാലും കണ്ട അമ്പലങ്ങളുടെ ഒരു ചെറു വിവരണവും കുറച്ചു പടങ്ങളും ഇവിടെ ഇടാം എന്ന് കരുതി. ആയുധം മാറി, ഇപ്പൊ CANON IXUS 850 IS ആണ്. ഇതും പഴയത് തന്നെ, പക്ഷെ നാട്ടില്‍വെച്ചിരുന്നതായിരുന്നു.

ഇത് പല്ലവ രാജാവ് നരസിംഹവര്മന്‍ (രണ്ടാം നംബര്കാരന്‍ ) എട്ടാം നൂറ്റാണ്ടില്‍ കെട്ടിയത് ആണെന്ന് ചരിത്രം. കൂടുതല്‍ വിവരം വിക്കി പാതളകരണ്ടിയില്‍ ഉണ്ട്. ഇത് ഇന്ത്യയിലെ ഒരേ ഒരു sandstone (അതോ തെക്കേ ഇന്ത്യയിലെയോ? ശരിക്കറിയില്ല) അമ്പലം ആണെന്ന് പറയുന്നു.ഇവിടത്തെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, ശിവലിന്ഗത്തെ ചുറ്റി വരാന്‍ നമ്മള്‍ വിഗ്രഹത്തിന്റെ ഇടതു വശത്തെ ഒരു ചെറിയ ദ്വാരം വഴി ഇഴഞ്ഞു കയറി പിന്നിലൂടെ നടന്നു, വലതു വശത്തെ ദ്വാരം വഴി പുറത്തു വരണം, ഇതും ഇഴഞ്ഞിട്ടു തന്നെ. ഞാന്‍ പോയില്ലാ, ആ വഴി കണ്ടപ്പോള്‍. ഭാര്യ പോയിട്ട് വന്നു, അവളുടെ ഒരു ധൈര്യമേ!!
ഇതോടു കൂടി നമുക്ക് ഒരു പുനര്‍ജ്ജന്മം ലഭിക്കുന്നു, അഥവാ ഇനി ഒരു ജന്മം ഉണ്ടാവില്ലെന്ന് പറയപ്പെടുന്നു. എന്തായാലും ഇവിടത്തെ പൂജക്കാര്‍ ഒക്കെ നല്ല ഇംഗ്ലീഷ്, ഹിന്ദി ഒക്കെ പറയുന്നുണ്ട്. പിന്നെ ഞങ്ങള്‍ പോയപ്പോള്‍, അടുത്തകാലത്തായി archeological survey of India ഈ അമ്പലത്തിനെ ഏറ്റെടുത്തു നന്നാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. എന്തായാലും പോകേണ്ടതൊക്കെ പോയി, ഇനി കാശ് അടിച്ചുമാറ്റാം എന്ന് അധികാരികള്‍ക്ക് തോന്നി എന്ന് തോന്നുന്നു. ശിലകള്‍ ഒക്കെ പകുതിയേ ഉള്ളൂ .ഷേപ്പ് പോയ ശിലകള്‍ ഒക്കെ കണ്ടോളൂ..

ഈ കാണുന്നതൊക്കെ നമ്മുടെ ഗവര്‍ണ്മെന്റിന്റെ സാഹസങ്ങള്‍ ആണ്, ക്ഷേത്രം സംരക്ഷിക്കാന്‍..

എല്ലാറ്റിനും സാക്ഷിയായി ഈ നന്ദിയും..വീണ്ടും അടുത്ത ക്ഷേത്രത്തെ പറ്റിയുള്ള കുറച്ചു ഫോട്ടോയും കൊണ്ട് വീണ്ടും വരാം.. എല്ലാര്‍ക്കും നന്ദി, നമസ്കാരം...

എന്റെ ആദ്യത്തെ പോസ്റ്റ്‌..........


എല്ലാവര്‍ക്കും വണക്കം.. എന്‍റെ ആദ്യ ശ്രമമായതിനാല്‍ അവിടെയും ഇവിടെയും ഒക്കെ ക്ലിക്കി ഈ പോസ്റ്റ്‌ ഉണ്ടാക്കിയെടുത്തതാ..തെറ്റ്കുറ്റങ്ങള്‍ പൊറുക്കണേ..

ഇത് നിള അഥവാ ഭാരതപ്പുഴ.. വീടിനു അടുത്തുകൂടെ ഒഴുകുന്നു..

 
Copyright (c) 2010. പാണനാര്‍