Pages

കൊറിയന്‍ ബുദ്ധക്ഷേത്രങ്ങളിലൂടെ - ഭാഗം 1...

ബുദ്ധമതം വളരെ അധികം പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു രാജ്യം ആണ് സൗത്ത്‌ കൊറിയ. ഇപ്പോഴും ഇവിടത്തെ ജനതയില്‍ കാല്‍ ഭാഗത്തോളം ബുദ്ധമതവിശ്വാസികള്‍ ആണ്. അത് കൊണ്ട് തന്നെ രാജ്യത്തിന്റെ മിയ്ക്ക ഭാഗത്തും പഴയ കാലത്തിന്റെ പ്രൌഡി വിളിച്ചോതുന്ന വലുതും ചെറുതുമായ അനേകം ക്ഷേത്രങ്ങള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം : http://en.wikipedia.org/wiki/Korean_Buddhism

ഈ കൂട്ടത്തില്‍ പെട്ട ഒരു പ്രമുഖ ബുദ്ധ ക്ഷേത്രം ആണ്‍ യോന്ഗ്-ജൂ (YongJu) ക്ഷേത്രം. ഈ ക്ഷേത്രം സുവോണ്‍ പ്രവിശ്യക്കുള്ളില്‍ ആണുള്ളത്. എനിക്ക് ബസ്സില്‍ പോയാല്‍ ഒരു അര മണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരം. ഈ രാജ്യത്തു ഏറ്റവും സൌകര്യം തോന്നിയിട്ടുള്ളത് ഏതൊരു ഭാഗത്തേയ്ക്കും എപ്പോഴും ഉള്ള വെല്‍ കണക്ടറ്റ്‌ ആയിട്ടുള്ള ബസ്‌ / ട്രെയിന്‍ സര്‍ വീസ് ആണ്.

A.D 854 ഇല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രം പ്രമുഖ മത പഠന കേന്ദ്രം ആയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ യുദ്ധത്തില്‍ ഈ ക്ഷേത്രത്തിനു തീ പിടിയ്ക്കുകയും അങ്ങനെ നശിക്കുകയും ചെയ്തു. പിന്നീട് ജോസാന്‍ രാജവംശം ഭരിച്ചിരുന്ന കാലത്ത് ഇരുപത്തി രണ്ടാം രാജാവ് ദുര്മരണപ്പെട്ട തന്റെ അച്ഛന്റെ ആത്മാവിനു മോക്ഷം കിട്ടാന്‍ വേണ്ടി ഈ ബുദ്ധ ക്ഷേത്രം പുതുക്കി പണിയുകയും അവിടെ അച്ഛന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു.
 
പ്രധാന പ്രവേശന കവാടം
പൊതുവേ മറ്റുള്ള ബുദ്ധ ക്ഷേത്രങ്ങളുടെ രീതിയില്‍ തന്നെ ആണ് ഈ ക്ഷേത്രവും പുനര്‍-നിര്മിച്ചിരിക്കുന്നത്. പക്ഷെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ താഴെ ഫോട്ടോയില്‍ കാണുന്ന രൂപത്തില്‍ ഉള്ള രണ്ടാമത്തെ ഒരു ചെറിയ കമാനം ഉണ്ട്ട്. ഇത് സാധാരണ രാജകുടുംബാംഗങ്ങള്‍ഉടെ ശവകുടീരങ്ങളില്‍ മാത്രം കാണുന്നതാണ്.
പ്രധാന പ്രവേശന കവാടത്തിന്റെ ഇരു വശത്തുമായി ഉള്ള ദ്വാരപാലകര്‍

രണ്ടാമത്തെ ചിത്രത്തില്‍ ഉള്ള ദ്വാരപാലകന്റെ രൂപം - ഒരു കയ്യില്‍ പഗോഡയും മറു കയ്യില്‍ ആയുധവും - ആദ്യമായിട്ടായിരുന്നു കാണുന്നത്.രണ്ടാമത്തെ ചിത്രത്തില്‍ ഉള്ള ദ്വാരപാലകന്റെ രൂപം - ഒരു കയ്യില്‍ പഗോഡയും മറു കയ്യില്‍ ആയുധവും - ആദ്യമായിട്ടായിരുന്നു കാണുന്നത്.

ആദ്യം പറഞ്ഞ പ്രത്യേകമായി കാണപ്പെട്ട കമാനം ഇതാണ്.

പ്രവേശന കവാടങ്ങള്‍ കടന്നാല്‍ വിശാലമായ സ്ഥലത്ത് പല ഭാഗങ്ങളില്‍ ആയി പല കെട്ടിടങ്ങളും സ്തൂപങ്ങളും ഒക്കെ കാണാം. ഇടത് വശത്ത് കാണുന്നത് ഒരു മ്യൂസിയം ആണ്. ഇവിടെ ഫോട്ടോ എടുപ്പ് നിഷിദ്ധം ആയതോണ്ട് അതിന്റെ പടങ്ങള്‍ ഒന്നും ഇല്ലാ.

പിന്നീട് കണ്ടത് ഈ സ്തൂപം ആണ് .അത് കഴിഞ്ഞാല്‍ ചില പാറകളില്‍ ചെറിയ കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നത് കണ്ടു. ഇതൊക്കെ വിശ്വാസികള്‍ ചെയ്തിരിക്കുന്നതാണ്. കണ്ടപ്പോള്‍ തിരുവില്വാമല സരസ്വതി കുണ്ടിലെ മരത്തിനു ചുറ്റും കല്ലുകള്‍ ഇങ്ങനെ അടുക്കിയിട്ടുള്ളത് ഓര്‍മ വന്നു!!
കുറച്ചധികം പേര്‍ ദര്‍ശനത്തിനു ഉണ്ടായിരുന്നു. തിരക്ക് ഒഴിയുന്നത് നോക്കി ഫോട്ടോ എടുക്കാന്‍ കുറച്ചു കാത്തു നിന്നു ചില സ്ഥലങ്ങളില്‍.

വലതു ഭാഗത്തായി വിശാലമായ ഒരു സെമിനാര്‍ ഹാള്‍.ഇവിടത്തെ പ്രധാന ആകര്‍ഷണം ആയ മണി, ഇത് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ്.ഈ രാജ്യത്ത് ഇത് പോലുള്ള മൂന്നെന്നങ്ങളില്‍ ഒന്നാണ് ഇത്. ഏകദേശം ആയിരത്തി അഞ്ഞൂറ് കിലോ തൂക്കം വരുന്ന ഈ മണി ഇപ്പോഴും വിശേഷ അവസരങ്ങളില്‍ മുഴക്കാറുണ്ടത്രേ.

രണ്ടാമത്തെ പ്രവേശനകവാടം. ഇതിനെ ഒരു കെട്ടിടം എന്ന് തന്നെ പറയാം അത്രയ്ക്ക് വലുതാണ്‌. ഇതിന്റെ മുന്നില്‍ ആയി അഞ്ചു കല്ലുകളില്‍ തീര്‍ത്ത ഒരു പഗോഡ കാണാം. പതിവ് രീതിയില്‍ ഉള്ള ധാരാളം മരം ഉപയോഗിച്ചുള്ള കെട്ടിട നിര്‍മിതി.

ഈ കെട്ടിടം ഒരു ഉപക്ഷേത്രം പോലെ തോന്നിച്ചു.


ഇതിനുള്ളിലും ചെറിയ ബുദ്ധ വിഗ്രഹവും മറ്റു പൂജാ ദ്രവ്യങ്ങളും ഒക്കെ ഉണ്ട്. അകത്തു കടന്നു ഒന്ന് തൊഴുതു. ഫോട്ടോയും എടുത്തു.

പ്രധാന ക്ഷേത്രത്തിനു അകത്തെ ബുദ്ധ പ്രതിഷ്ഠ. ചുറ്റും ഇരിക്കുന്നത് അരി പ്ളാസ്റിക് പാക്കറ്റുകളില്‍ ആക്കിയതാണ്. എല്ലാ ബുദ്ധ ക്ഷേത്രങ്ങളോട് ചേര്‍ന്നും ഇത്തരം പാക്കറ്റുകള്‍ വില്‍ക്കുന്ന ഒരു കട ഉണ്ടാവും, നമ്മള്‍ വഴിപാടു ചെയ്യാന്‍ ആഗ്രഹിക്കുന്ന പണത്തിനു അരി വാങ്ങി വിഗ്രഹത്തിനു അടുത്ത് വെയ്ക്കുക അതാണ്‌ വഴിപാടു രീതി. പുറത്തു നിന്നും വാങ്ങികൊണ്ട് പോവാം. അത് പോലെ മെഴുക് തിരികളും വാങ്ങി കത്തിച്ച് വെയ്ക്കാം.


ഇവിടെയും തൊഴുത ശേഷം പുറത്തിറങ്ങി. പുറത്തു കടന്നപ്പോള്‍ ആണ് ഇംഗ്ലീഷില്‍ ഉള്ള ഈ ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡ്‌ കണ്ടത്.


വിശ്വാസികളുടെ പുതു തലമുറ.

അങ്ങനെ ഒരു ചുറ്റു കാഴ്ചകളും കണ്ട്, കുറച്ചു ഫോട്ടോകളും എടുത്തു ഞാന്‍ മെല്ലെ പുറത്തു കടന്നു. രണ്ടു മാസം കഴിഞ്ഞു ഇവിടം സന്ദര്ശിചിരുന്നെങ്കില്‍ കുറച്ചു കൂടി വര്‍ണ്ണപകിട്ടോടെ ഉണ്ടാവുമായിരുന്നു, ഇപ്പോള്‍ പക്ഷെ മഞ്ഞു വീഴ്ച ഒക്കെ കഴിഞ്ഞ കാരണം ചെടികള്‍ ഒക്കെ നശിച്ചു പോയിരുന്നു.
പുറത്തു കടന്നപ്പോള്‍ റോഡിന്റെ എതിര്‍ വശത്തായി ഒരു വലിയ കെട്ടിടം. അന്വേഷിച്ചപ്പോള്‍ അത് ടെമ്പിള്‍ സ്റ്റേ യ്ക്ക് വരുന്നവര്‍ക്ക് താമസിക്കാന്‍ ഉള്ള കെട്ടിടം ആണെന്ന് മനസിലായി. കൊറിയയിലെ മിയ്ക്ക പ്രധാന ബുദ്ധ ക്ഷേത്രങ്ങളിലും ടെമ്പിള്‍സ്റ്റേ എന്നൊരു സംഭവം ഉണ്ട്. ഒരു ദിവസം മൊത്തം അവിടെ താമസിച്ചു, അവിടത്തെ ബുദ്ധ ഭിക്ഷുക്കളുടെ ജീവിത രീതി യില്‍ തന്നെ ജീവിക്കുന്ന ഒരു സമ്പ്രദായം. വെളുപ്പിനെ മൂന്നു മണിക്ക് എഴുന്നെല്‍ക്കണം എന്ന് ഉള്ളത് കൊണ്ട് ആ സാഹസം ഇത് വരെ ചെയ്തിട്ടില്ല. എന്നെങ്കിലും പോവുകയാണെങ്കില്‍ അതിന്റെ കഥയും ഇവിടെ ഇടാം. തത്ക്കാലം വിട.

ആശംസകളോടെ..

ഞാന്‍, ഗന്ധര്‍വന്‍.

 
Copyright (c) 2010. പാണനാര്‍