Pages

കൊറിയന്‍ ഗ്രാമങ്ങള്‍ -1

എല്ലാവര്ക്കും പുതുവത്സരാശംസകള്‍
ഒരു ചെറിയ യാത്രകൂടി. കൊറിയന്‍ ഗ്രാമങ്ങളെ പറ്റി ശ്രീനാഥന്‍ സാറും കേരളദാസന്‍ഉണ്ണി സാറുംചോദിച്ചിരുന്നു. എന്റെ ജോലി സംബന്ധമായ ഒരു ചെറിയ യാത്രയും അതിന്റെ കൂടെ ഒത്തു വന്നു. ഭയങ്കര തണുപ്പ് കാരണം ഫോട്ടോസ് എടുക്കാന്‍ കൂടുതല്‍ റിസ്ക്‌ എടുത്തിട്ടില്ല, സദയം ക്ഷമിക്കുക.
ഗാന്ഗ്വോന്‍ (Gangwon) എന്ന ഒരു province ലേക്ക് ഒരു യാത്ര. ഇവിടം കൃഷിയിടം ആണ്. മിക്കവാറും ആള്‍ക്കാര്‍ കൃഷിക്കാര്‍ ആണ്. നെല്‍കൃഷി ആണ് പൊതുവായ കൃഷി. കൊറിയയില്‍ ഒരു 6-7 മാസം കൃഷി ചെയ്യാന്‍ പറ്റിയ കാലാവസ്ഥ ആണ്. ബാകി ഒക്കെ മഞ്ഞു വീഴ്ചയും തണുപ്പും കൊണ്ട് പോകും. ഒരു പാടു ചെറിയ ചെറിയ മലനിരകള്‍ ഉള്ളതിനാലും നാലഞ്ചു മാസം തണുപ്പ് കാരണവും കൃഷി ചെയ്യാനുള്ള സ്ഥലം വളരെ കുറവാണ്, പിന്നെ കൃഷി ചെയാനുള്ള സമയവും.
നമ്മുടെ നാട്ടില്‍ നോക്കു, ഒരു വര്‍ഷത്തില്‍ മുപ്പൂവല്‍ കൃഷി ചെയ്തിരുന്നത് എനിക്കോര്‍മയുണ്ട്. ഇപ്പൊ ഞങ്ങള്‍ രണ്ടു പൂവല്‍ കൃഷിയെ ചെയ്യുന്നുള്ളൂ. മഴയുടെ ചതി തന്നെ കാരണം.
ഇവിടെ ഇത്രയും കുറഞ്ഞ സമയവും കൃഷിസ്ഥലവും വെച്ച് തന്നെ രാജ്യത്തിന് ആവശ്യമായത്തിന്റെ ഭൂരിഭാഗം അരിയും മറ്റു പച്ചക്കറികളും ഇവര്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നതിന്റെ പ്രധാന കാരണം, ശാസ്ത്രത്തെയും സാങ്കെതികതെയും കൃഷിയിലേക്ക് സമന്വയിപ്പിക്കാന്‍ സാധിച്ചു എന്നത് തന്നെ ആണ്. ഒരൊറ്റ ആള്‍ മതി, ഒരു വലിയ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍, ആ യന്ത്രത്തിന് നടാനും. വിളവു അറുക്കാനും അതിനെ നെല്ലാക്കി മാറ്റാനും സാധിക്കും.
അങ്ങനെ ഞാന്‍ വിളവു ഒക്കെ കഴിഞ്ഞ, നല്ല തണുപ്പുള്ള ഡിസംബറില്‍ ആണ് ഈ സ്ഥലത്തേക്ക് പോകുന്നത്. ആദ്യം തന്നെ പോകുന്ന വഴിക്ക് ഭക്ഷണം കഴിക്കാന്‍ കയറി. എന്റെ കഷ്ടകാലം ഈ രാജ്യത്ത് ഭക്ഷണത്തിന്റെ രൂപത്തില്‍ ആണ്. പലതും എനിക്ക് കഴിക്കാന്‍ സാധിക്കാത്ത സാധനങ്ങള്‍ ആണ്. ഇവിടെയും അതന്നെ സ്ഥിതി. സുഷി എന്ന മത്സ്യാഹാരം പച്ചക്ക് തിന്നാന്‍ തന്നു.




ഞാന്‍ എന്ത് ചെയ്യാന്‍?? കൂടെ ഉള്ള സാലഡും ചോറും വെച്ച് തിന്നു കൊണ്ടിരുന്നു. അതിന്റെ ഇടക്ക് വീണ്ടും ഈ മത്സ്യത്തെ മാവില്‍ മുക്കി നമ്മുടെ വാഴക്ക ബജ്ജി മാതിരി ഉണ്ടാക്കി കൊണ്ട് വന്നു. സന്തോഷം. അത് വെച്ച് ബാകി ചോറും കുറച്ചു സോജു എന്ന് അറിയപ്പെടുന്ന കൊറിയന്‍ മദ്യവും അകത്താക്കി. വേറെ വഴി ഇല്ല. തണുപ്പ് മൈനുസ് പതിനഞ്ചു എത്തി തുടങ്ങി.
വീണ്ടും യാത്ര തുടങ്ങി. ഒരു പാടു ഹെയര്‍ പിന്‍ ബെന്ടുകള്‍ ഉള്ള റോഡുകള്‍. പക്ഷെ റോഡുകള്‍ നല്ലതായ കാരണം ക്ഷീണം തോന്നിയില്ല


അങ്ങനെ കൃഷി സ്ഥലത്തെത്തി. അവിടെ കുറച്ചു സാമ്പിളുകള്‍ എടുക്കെണ്ടതുണ്ടായിരുന്നു. അതൊക്കെ തീര്‍ത്തിട്ട് കൃഷിക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.
ഒരുപാട് വ്യത്യാസം ഒന്നും ഇല്ലാത്ത വീടുകള്‍ തന്നെ. ചെറിയ വീടുകള്‍ ആണെങ്കിലും അവിടെ എല്ലാ വിധ ആധുനിക സൌകര്യങ്ങളും ഉണ്ട്. നല്ല കാറുകള്‍, നല്ല ടീവി അങ്ങനെ. ഇത് പൊതുവേ കാണുന്ന ഒരു പ്രവണത ആണ്. കൃഷിയും അത്ര നഷ്ടമുള്ള ഏര്‍പ്പാട് അല്ല ഇവിടെ. പുതിയ തലമുറ നഗരങ്ങളിലേക്ക് മാറുന്നുണ്ടെങ്കിലും പഴയ തലമുറ കൃഷി തന്നെ ചെയ്യുന്നു. പിന്നെ പണിക്കു ആളെ കിട്ടിയില്ല എന്ന പരാതി വേണ്ട, കാരണം എല്ലാം യന്ത്രവല്‍കൃതം ആണല്ലോ.
പഴയ തലമുറ എന്ന് പറയുമ്പോള്‍ നാട്ടിലെ പോലെ അല്ല. ഇവിടത്തുകാര്‍ പൊതുവേ എണ്പതു-തൊണ്ണൂറു വയസ്സ് വരെ ജീവിക്കും അതും നല്ല ആരോഗ്യത്തോടെ തന്നെ. അത് കൊണ്ട് ഇപ്പോള്‍ അറുപതു വയസ്സുള്ള ഒരാള്‍ ഇനിയും ഒരു ഇരുപതു കൊല്ലം ഈ കൃഷി ഒക്കെ നടത്താന്‍ തക്കവണ്ണം പ്രാപ്തി ഉള്ള ആള്‍ ആയിരിക്കും. കേശവദാസന്‍ഉണ്ണി സാറിന്റെ കുപ്പന്‍ കുട്ടി എഴുത്തശ്ശനെ പോലെ.




കൊറിയന്‍ വീടുകളുടെ പ്രത്യേകത അവ ചെറുതായിരിക്കും എന്നതാണ്, തണുപ്പ് കാലത്ത് ചൂടാക്കാന്‍ എളുപ്പം.

അവിടെ എത്തിയപ്പോള്‍ ഈ കൃഷിയിടത്തിന്റെ മൊതലാളി അപ്പൊ ഒരു പന്നിയെ മുറിച്ചു പാകം ചെയ്യാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. തണുപ്പ് മൈനസ് പതിനഞ്ചു ആയതു കൊണ്ട് കൊല്ലപ്പെട്ട പന്നിക്കുട്ടനെ ഫ്രിഡ്ജില്‍ ഒന്നും വെയ്ക്കേണ്ട ആവശ്യം ഇല്ല്ല, അവിടെ തന്നെ ഒരു തൊട്ടിയില്‍ ഇട്ടു വെച്ചിരുന്നു. അതില്‍ നിന്ന് കഷ്ണങ്ങള്‍ മുറിച്ചെടുത്തു തീയില്‍ ചുട്ടു തിന്നു കൊണ്ടിരുന്നു എല്ലാവരും, ഞാന്‍ അത് നോക്കി കൊണ്ടും നിന്നു






അതിന്റെ ഇടയില്‍ ചിലര്‍ക്ക് വീട്ടിനു പിന്നില്‍ കൂട്ടിയിട്ട വിറകു വെട്ടി നോക്കണം എന്നായി.



കൃഷിയിടത്തിനോട് ചേര്‍ന്ന ഒരു തടാകം. ഇവിടെ മത്സ്യങ്ങളെയും പിടിക്കുന്നുണ്ട് വേനല്‍ക്കാലത്ത്.


കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിച്ച കോട്ടേജ് ലേക്ക് യാത്രയായി. അവിടെ എനിക്ക് കഴിക്കാന്‍ ചിക്കെന്‍ ഫ്രൈ ഉണ്ടായിരുന്നു. അതും ഇല്ലായിരുന്നെങ്കില്‍ ഈ രാത്രിയും വെറും ബിസ്കറ്റ് മാത്രം. അങ്ങനെ ഒരു യാത്ര ഈ രാത്രിയോടെ തീരുന്നു. വീണ്ടും സ്പ്രിംഗ് അല്ലെങ്കില്‍ സമ്മര്‍ സമയത്ത് ഒരിക്കല്‍ കൂടി ഇവിടെ വരണം എന്ന ആഗ്രഹത്തോടെ അവിടെ നിന്നും രാവിലെ വീണ്ടും എന്റെ സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇനിയൊരു യാത്ര ഉണ്ടാവുന്ന വരെ വിട. നന്ദി.

 
Copyright (c) 2010. പാണനാര്‍